A plea to Syro Malabar Synod, Be transparent, We need to stand upright with Moral Values.

A plea to Syro Malabar Synod, Be transparent, We need to stand upright with Moral Values.

Started
22 December 2018
Petition to
Syro Malabar Church believers
Victory
This petition made change with 267 supporters!

Why this petition matters

എറണാകുളം-അങ്കമാലി അതിരൂപതാ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയിലെ അംഗങ്ങളും വിശ്വാസികളുമായ ഞങ്ങൾ ആദരണീയ സിനഡിനു മുന്നിൽ അടിയന്തര പരിഗണനയും ഫലപ്രദമായ നടപടികളും പ്രതീക്ഷിച്ച് സമർപ്പിക്കുന്ന ആശങ്കകളും നിർദേശങ്ങളും.

ബഹുമാനപ്പെട്ട കർദിനാൾ, ആർച്ച് ബിഷപ്പുമാരെ, ബിഷപ്പുമാരെ.

സീറോമലബാർസഭയിലെ സാധാരണ വിശ്വാസികൾ ആയ ഞങ്ങൾ വലിയ ആശങ്കയിലും ആകാംക്ഷയിലും അതിലുപരി ധാർമിക പ്രതിസന്ധിയിലുമാണ്. ഈ സിനഡിൽ ഉള്ള അത്യധികമായ ബഹുമാനവും വിശ്വാസ്യതയും നിലനിർത്തിക്കൊണ്ടുതന്നെ ഇതിനു കാരണമായി ഉയർന്നു വന്ന  ആരോപണ വിധേയമായ സംഭവങ്ങളുടെ പരമ്പര ഞങ്ങൾ അറിയിക്കട്ടെ. ഭാരത സമൂഹത്തിന്റെ ധാർമിക മനസാക്ഷി കത്തോലിക്കാസഭയെ ചുറ്റിപ്പറ്റിയാണ് ഉണ്ടായിട്ടുള്ളത്. അത് അങ്ങനെതന്നെ ആയിരിക്കുകയും വേണം. എന്നാൽ അടുത്തകാലത്തായി ഉയർന്നുവരുന്ന വിവാദങ്ങളും ആരോപണങ്ങളും സഭയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നു. വളർന്നുവരുന്ന യുവതലമുറയുടെ വിശ്വാസത്തിന് അവ വെല്ലുവിളിയുയർത്തുന്നു.

ഇന്ത്യയിലും വിദേശത്തുമുള്ള രൂപതകളിൽ നിന്നും ഉയർന്നുവരുന്ന ഭൂമി കുംഭകോണ വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങൾ വലിയ ആശയക്കുഴപ്പത്തിലാണ്. അതിലേക്ക് ഞങ്ങളെ നയിച്ച ആരോപണ വിധേയമായ സംഭവങ്ങൾ താഴെ ചൂണ്ടിക്കാണിക്കട്ടെ.

ഭൂമി കുംഭകോണങ്ങളും സാമ്പത്തിക തിരിമറികളും.

1) എറണാകുളം-അങ്കമാലി അതിരൂപതയുടെ മേജർ ആർച്ച് ബിഷപ്പ് ഭൂമാഫിയ സംഘങ്ങളുമായി ചേർന്ന് നടത്തിയ ഭൂമി കുംഭകോണത്തെ ക്കുറിച്ചുള്ള ആരോപണം. കണക്കാക്കപ്പെടുന്ന ആകെ നഷ്ടം ഏതാണ്ട് 400 കോടി രൂപ.

2) ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മേജർ ആർച്ച് ബിഷപ്പുമായി ചേർന്ന് റോമിൽ പ്റൊക്യൂറാ (procura) വാങ്ങിയതിൽ കോടികളുടെ തിരിമറി നടന്നു എന്നാണ് ആരോപണം.

3) ബിഷപ്പ് മാർ ജോസ് പൊരുന്നേടം കപ്പൽ ജോയി എന്ന വിളിപ്പേരുള്ള ജോയി അറക്കൽ എന്നയാൾക്ക് 500 ഏക്കർ സ്ഥലം നിസ്സാരവിലയ്ക്ക് വിറ്റു എന്ന വാർത്തകൾ പുറത്തു വന്നു. കാനൺ നിയമങ്ങൾ പ്രകാരം ഉള്ള നിബന്ധനകൾ ഒന്നും തന്നെ പാലിക്കപ്പെടാതെ വിൽപ്പന നടത്തി എന്നായിരുന്നു ആരോപണം.

4) ദരിദ്രർക്ക് വീടുവച്ച് നൽകാൻ സമാഹരിച്ച സാന്ത്വനം ട്രസ്റ്റിന്റെ പേരിലുള്ള ഭൂമി ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിസ്സാരവിലയ്ക്ക് വിറ്റു. വിറ്റ തുക ഇതുവരെ സാന്ത്വനം ട്രസ്റ്റിന്റെ അക്കൗണ്ടിൽ ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. കേരള കൗമുദി പത്രം ഇതെക്കുറിച്ച് വിശദമായി വാർത്ത എഴുതിയിിരുന്നു. 

5) അണക്കരയിലെ ജോസഫ് തൂങ്കുഴി എന്ന 87 വയസ്സുള്ള വൃദ്ധ വൈദികൻ തൻറെ പേരിലുള്ള തൂങ്കുഴി മറിയാമ്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള ഭൂമി അനധികൃതമായി തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന് കാണിച്ച് ബിഷപ് മാർ മാത്യു അറയ്ക്കലിന് എതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.

6) ഡോക്ടർ തോമസ് അറയ്ക്കലിന്റെ ഭാര്യയും വിധവയുമായ ശ്രീമതി മോണിക്ക തോമസ് കാഞ്ഞിരപ്പള്ളി രൂപത തന്റെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന് കാണിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നു. ഒരു ജീവിതകാലം മുഴുവൻ ജർമ്മനിയിൽ ജോലി ചെയ്ത് സമ്പാദിച്ച ആണത്രേ രൂപത തട്ടിയെടുക്കാൻ ശ്രമിക്കുന്നത്.

7) പാലാ രൂപതയുടെ കീഴിലെ ചേർപ്പുങ്കൽ എന്ന സ്ഥലത്ത് ഉയരുന്ന മെഗാ മെഡിസിറ്റി എന്ന പദ്ധതിയുടെ പേരിൽ കോടികളുടെ അഴിമതികളാണ് പുറത്തുവരുന്നത്. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് നേരിട്ട് ഇടപാടുകൾ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സോഷ്യൽ മീഡിയയും മറ്റു മാധ്യമങ്ങളും ഇതു സംബന്ധിച്ച നിരവധിയായ റിപ്പോർട്ടുകൾ പുറത്തു വിട്ടു. 

8) ചങ്ങനാശ്ശേരി രൂപത സ്വന്തം പേരിൽ ടിവി ചാനൽ തുടങ്ങുന്നു എന്ന് കാണിച്ച് വലിയ തുക സമാഹരിച്ചിരുന്നു. എന്നാൽ സമാഹരിച്ച തുകയുടെ കണക്കുകളും പദ്ധതിയുടെ വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ ആരോപണങ്ങളുടെ ദുരൂഹതകൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. 

9) ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ ഫാദർ തോമസ് പീലിയാനിക്കലിനെ ചങ്ങനാശ്ശേരി അതിരൂപത സംരക്ഷിക്കാൻ ശ്രമിച്ചതായി ആരോപണമുയർന്നു. 

ലൈംഗിക അപവാദങ്ങളും ധാർമിക പ്രശ്നങ്ങളും.

10) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തി ഗർഭിണിയാക്കി എന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഫാദർ റോബിൻ വടക്കുംചേരി എന്ന വൈദികനെ മാനന്തവാടി രൂപത സംരക്ഷിക്കാൻ ശ്രമിച്ചു. മാനന്തവാടിയിലെ ദ്വാരകയിൽ ഉള്ള വയനാട് സോഷ്യൽ സർവീസ് സെൻറർ ഓഫീസിൽനിന്നാണ് ഫാദർ റോബിന് കാനഡയ്ക്ക് പോകുവാനുള്ള ടിക്കറ്റ് എടുത്തു കൊടുത്തത്. ബിഷപ്പ് മാർ പൊരുന്നേടം വഴി ഏറ്റവും അടുത്ത സുഹൃത്തായ ഫാദർ തേരകമാണ് ഫാദർ റോബിന് നിയമ ലംഘനത്തിനുള്ള മാർഗം തുറന്നു കൊടുക്കാൻ ശ്രമിച്ചത്. കേരളത്തിലെ വിവിധ പത്ര ദൃശ്യ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഇക്കാര്യം പുറത്തു കൊണ്ടു വന്നു.  ബഹുമാനപ്പെട്ട സിനഡ് ഇക്കാര്യം ചർച്ച ചെയ്യണം. കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചതിലുള്ള ഉത്തരവാദിത്തം ബിഷപ്പ് മാർ ജോസ് പൊരുന്നേടം ഏറ്റെടുക്കണം. ഫ്രാൻസിസ് മാർപ്പാപ്പയുടെ നിർദ്ദേശങ്ങൾ പാലിക്കപ്പെടണം.

11) മാനന്തവാടിയിലെ ചുണ്ടക്കര ഇടവകയിലെ അസിസ്റ്റൻറ് വികാരിയായിരുന്ന ഫാദർ ജിനോ മേക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നടത്തിയ നിയമവിരുദ്ധ ബന്ധങ്ങൾ ബിഷപ് മാർ ജോസ് പൊരുന്നേടം മുമ്പാകെ വർഷങ്ങൾക്കു മുമ്പേ റിപ്പോർട്ട് ചെയ്തതാണ്. എന്നാൽ അദ്ദേഹത്തെയും ബിഷപ്പ് സംരക്ഷിച്ചു. ഈ വാർത്തക്കെതിരെക്കെതിരെ രൂപത ഇതുവരെ പ്രതിികരിച്ചിട്ടില്ല.

12) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന കേസിൽ സീറോമലബാർ സഭയിലെ ബിഷപ്പുമാർ എല്ലാം പ്രതിക്കൊപ്പം നിന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ പ്രതിയാക്കാനാണ് സഭ ശ്രമിച്ചത്. ഇങ്ങനെയൊരു നിലപാടെടുക്കാൻ ബൈബിളും സഭാ നിയമങ്ങളും കൂട്ടു നിൽക്കുന്നില്ല എന്നത് നമ്മൾ സൗകര്യപൂർവ്വം മറന്നു. ഫ്രാൻസിസ് മാർപാപ്പ ഉയർത്തിപ്പിടിച്ച ധാർമിക നിലപാടുകൾക്ക് വിരുദ്ധമായി നമ്മൾ നിന്നു. പാവപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും പക്ഷം ചേരേണ്ട സഭ മറുപക്ഷം ചേർന്നു.

13) പാലായിലെ സെൻ വിൻസന്റ് സ്കൂളിലെ പ്രിൻസിപ്പലായ ഫാദർ ഫിലിപ്പ് നെച്ചിക്കാട്ടിൽ cmi പ്രായപൂർത്തിയാകാത്ത തന്റെ വിദ്യാർത്ഥിയുമായി പുലർത്തിയ അരുതാത്തബന്ധം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. സമാനമായ കുറ്റകൃത്യങ്ങളിൽ ഇതിനുമുമ്പ് രണ്ടുപ്രാവശ്യം പിടിക്കപ്പെട്ട ആളാണ് ഇദ്ദേഹം. ക്രിമിനൽ സ്വഭാവമുള്ള ആളാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന് സിഎംഐ സഭയുടെ വൈസ് പ്രൊവിൻഷ്യാൾ ആകാൻ സാധിച്ചു. സഭയുടെ ധാർമിക അധഃപതനവും കുറ്റകൃത്യം ചെയ്യുന്ന വൈദികർക്കെതിരെ ഫലപ്രദമായ നടപടികൾ എടുക്കാനുള്ള കഴിവില്ലായ്മയും തുറന്നുകാട്ടുന്നതാണ് ഇത്.

14) മുകളിൽ പറഞ്ഞ കേസുകൾ കാരണം ധാർമിക ശക്തി നഷ്ടപ്പെട്ട സഭ ഇന്ന് രാഷ്ട്രീയ സമ്മർദങ്ങൾക്ക് മുന്നിൽ കീഴ്പ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ദ്രോഹകരമായ മദ്യനയത്തിനും വികലമായ വിദ്യാഭ്യാസ നയത്തിനുമെതിരെ ശബ്ദിക്കാൻ സഭയ്ക്ക് കഴിവില്ലാതെ പോയിരിക്കുന്നു.

പ്രിയ ആർച്ച് ബിഷപ്പുമാരെ, ബിഷപ്പുമാരെ ഞങ്ങൾ ഈ സഭയെ സ്നേഹിക്കുന്നു. ശക്തമായ വിശ്വാസത്താലും ധാർമികമൂല്യങ്ങളാലും സഭ ഈ സമൂഹത്തിനു മുന്നിൽ തലയുയർത്തി നിൽക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. തെറ്റു ചെയ്യുന്ന ബിഷപ്പുമാരും വൈദികരും സഭാ നിയമങ്ങളും നാടിനെ നിയമങ്ങളനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അങ്ങനെ ഒരിക്കൽ കൂടി ഈ സഭ സമൂഹത്തിന്റെ ധാർമിക ശബ്ദമായി മാറണം.

ഞങ്ങൾ സാധാരണ വിശ്വാസികൾ, കോടിക്കണക്കിന് സഭാംഗങ്ങളുടെ പ്രതിനിധികൾ, തെറ്റുകൾ തിരുത്താൻ ആവശ്യമായ ഫലപ്രദമായ നടപടികളും ക്രിയാത്മകമായ തീരുമാനങ്ങളും ഈ സിനഡിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് താഴ്മയായി ആവശ്യപ്പെടുന്നു. പുറത്തു വന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി വിശ്വാസികളെ നിജസ്ഥിതി ബോധ്യപ്പെടുത്തണം.

നമ്മൾ ക്രിസ്തുവിന്റെ യഥാർത്ഥ പിൻഗാമികളാണെന്ന് ലോകത്തിനുമുമ്പിൽ വീണ്ടും ഉദ്ഘോഷിക്കപ്പെടണം.

യേശുക്രിസ്തുവിൽ പ്രാർത്ഥനയോടും വിശ്വസ്തതയോടും വിധേയത്വത്തോടും കൂടെ.

Victory

This petition made change with 267 supporters!

Share this petition

Share this petition in person or use the QR code for your own material.Download QR Code

Decision-Makers

  • Syro Malabar Church believers